അഹ്‌ലുബൈത്തിനോടെന്നും സ്നേഹമായിരുന്നു

MIQDAD OFFICIAL


ഊരകത്ത് ദർസ് നടത്തുന്ന സമയം. രാത്രിയിൽ വഴിയാത്രക്കാരനാണെന്ന് തോന്നിപ്പിക്കുന്ന ഒരാൾ പള്ളിയിലെത്തി. രാത്രി അവിടെ തങ്ങാമെന്ന ഉദ്ദേശത്തിലാണ് വന്നത്. ഉസ്താദ് റൂമിലേക്ക് കുട്ടിക്കൊണ്ടു പോവുകയും സംസാരിക്കുകയും ചെയ്തു. വീട് വിട്ടു പോരാനുള്ള കാരണവും മറ്റും സംസാരിക്കുന്നതിനടക്ക് ഉസ്താദ് മനസിൽ തോന്നിയത് തുറന്ന് ചോദിച്ചു: “നിങ്ങൾ തങ്ങളാണോ?”. “അതെ” എന്നായിരുന്നു മറുപടി. പിന്നീട് സ്നേഹാദരവുകൾ നൽകുന്നതാണ് കണ്ടത്. കിടക്കാൻ നേരത്ത് രണ്ട് പേരും റൂമിൽ നിലത്താണ് കിടന്നത്. കട്ടിലിൽ ഒരാൾക്ക് കിടക്കാനേ സ്ഥലമുണ്ടായിരുന്നുള്ളൂ.. നേരം പുലർന്ന് സ്നേഹത്തോടെ യാത്രയാക്കിയത് മുതഅല്ലിമീങ്ങൾ ഓർക്കുന്നുണ്ട്.


എല്ലാ വർഷവും ദർസ് തുടങ്ങാറുള്ളത് ഒരു സയ്യിദിനെ കൊണ്ടായിരുന്നു. കുറ്റിപ്പാലയിൽ ആദ്യം ദർസ് തുടങ്ങിയതും അങ്ങനെത്തന്നെ, ദർസിൽ ഒരു തങ്ങളുട്ടി ഉണ്ടാവണമെന്നുള്ള ആഗ്രഹം ആദ്യം മുതലേ ഉണ്ടായിരുന്നു. ഊരകത്ത് നിന്ന് അത് സഫലമായപ്പോൾ തങ്ങളെ സമാജത്തിന്റെ അദ്ധ്യക്ഷൻ ആക്കുകയും അത് തുടർന്നുള്ള വർഷങ്ങളിൽ മാറ്റങ്ങളില്ലാതെ തുടരുകയും ചെയ്തു. പിന്നീട് ഒരു സയ്യിദ് കൂടി വന്നപ്പോൾ ഉസ്താദ് കൂടുതൽ സന്തോഷിച്ചു.


എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം ദർസിലെ മുതഅല്ലിമീങ്ങൾ മഹാന്മാരെ പേരിൽ ഫാത്തിഹ ഓതൽ പതിവാണ്. അതിൽ ചില സയ്യിദുമാരെ പ്രത്യേകിച്ചും മറ്റു എല്ലാ ഖബീലകളിലേയും സയ്യിദുമാരെ പൊതുവായും ഉസ്താദ് ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. അവരെല്ലാമാണ് നമ്മുടെ ദർസിനെ നോക്കുന്നതെന്നും അവരുടെ സംരക്ഷണത്തിലാണെന്നും എപ്പോഴും ഉസ്താദ് പറയാറുണ്ട്. സദസുകളിലും സിയാറത്തുകളിലും കൂടെ സയ്യിദുമാരുണ്ടെങ്കിൽ അവരോട് ദുആ ചെയ്യിപ്പിക്കലായിരുന്നു പതിവ്. അവരെ പരിഗണിക്കുന്നതിന് മറ്റൊന്നും തടസ്സമാവാറില്ല.


വേദനകളെല്ലാം സഹിച്ച് വിശുദ്ധ ദീൻ പഠിപ്പിച്ചു തന്ന തിരുനബി(സ്വ) പകരം ചോദിച്ചത് അവിടുത്തെ കുടുംബത്തെ സ്നേഹിക്കണമെന്നത് മാത്രമായിരുന്നു. സിരകളിലൂടെ തന്റെ പ്രേമഭാജനത്തിന്റെ രക്തമാണൊഴുകുന്നതെന്നറിഞ്ഞാൽ പിന്നെ ഹബീബിനെ(സ്വ) നെഞ്ചേറ്റിയ ഒരു ആശിഖിന് എങ്ങനെ സ്നേഹാദരവുകൾ നൽകാതിരിക്കാൻ കഴിയും..