തിരുനബി ﷺ യുടെ ജന്മദിനം കൊണ്ടനുഗ്രഹീതമായ റബീഉൽ അവ്വൽ വരുമ്പോൾ ആ ഹൃദയത്തിലെ സന്തോഷം പ്രകടമാവുന്നത് നമുക്ക് കാണാമായിരുന്നു. തൻ്റെ വീട്ടിൽ ഈ വസന്ത മാസത്തിൽ വലിയ മൗലിദ് സദസ്സ് സംഘടിപ്പിക്കണമെന്ന് പറയുകയും അതിന് കാഷ് സ്വരൂപിച്ച് വെക്കുകയും ദഫ് വാങ്ങി വെക്കുകയൊക്കെ ചെയ്ത ഉസ്താദ് ആ വസന്ത മാസം വരാൻ കാത്തിരുന്നത് പോലെ തിരു ഹബീബ് ﷺ തങ്ങളുടെ മാസത്തിൽ മദ്ഹിൻ്റെ സദസ്സിൽ വെച്ച് യാത്രയായി.. എങ്കിലും അവിടുത്തെ ആഗ്രഹം പോലെ എല്ലാ റബീഉൽ അവ്വലിലും വീട്ടിൽ വെച്ച് മദ്ഹിൻ്റെയും മൗലിദിൻ്റെയും സദസ്സ് നടത്തപ്പെടുന്നു.
അന്നൊരിക്കൽ ഇഹ്‌യാഉസ്സുന്ന കോളേജിൽ പഠിക്കുന്ന കാലത്ത് മഹാനായ ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദിൻ്റെ മകളുടെ കല്യാണ തലേന്ന് വീട്ടിലെ ഒരുക്കൾക്ക് സഹായിയായി ഉസ്താദ് അവിടെ കൂടി. തൻ്റെ ഉസ്താദ് ഒ.കെ ഉസ്താദിനെ അടുത്തറിയാൻ കൂടിയായിരുന്നു ഈ തങ്ങൽ. അങ്ങനെ സുബ്ഹിക്ക് മുന്നേ ഉണർന്ന് പതിവ് പോലെ അന്നും മഹാനവർകൾ ആകാശത്തേക്ക് നോക്കി സൂറതു ആലു ഇംറാനിലെ 190-ാം വചനങ്ങൾ ഉരുവിടുന്നതും ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതും മുമ്പ് പറഞ്ഞ് കേട്ടത് പോലെ ഉസ്താദിന് നേരിൽ അനുഭവിക്കാനായി.
ഈ സംഭവം ഉസ്താദ് പലപ്പോഴും പറയാറുണ്ടായിരുന്നു. ആ തിരു സുന്നത്തിൻ്റെ വഴികളായിരിക്കണം ഉസ്താദ് തൻ്റെ ജീവിതത്തിൽ പതിപ്പിച്ചത്. സുബ്ഹിക്ക് മുമ്പ് നേരത്തെ എണീറ്റ് തഹജ്ജുദ് നിസ്കരിച്ച് വിത്റിൻ്റെ പതിനൊന്ന് റക്അതിൽ നിന്നും ബാക്കിയുള്ളതും ചേർത്ത് ഖുർആൻ പാരായണം ചെയ്ത് തുടങ്ങുന്നതായിരുന്നു ഉസ്താദിൻ്റെ പ്രഭാതങ്ങൾ.
ഒരിക്കൽ മദീനത്തെ പള്ളിയിലേക്ക് കയറി വരുന്ന തിരുനബി ﷺ കാണുന്നത് രണ്ട് സംഘങ്ങളെയാണ്. ഒന്ന്: അല്ലാഹുവിന് ദിക്റ് ചൊല്ലി ദുആ ചെയ്തിരിക്കുന്ന സംഘം. മറ്റൊന്ന്: അറിവ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സംഘം. തിരുനബി ﷺ രണ്ടാം സംഘത്തിലാണ് കൂടിയത്. ശേഷം പറഞ്ഞു: എൻ്റെ അയക്കപ്പെട്ടത് മുഅല്ലിമാ (ഇൽമ് പഠിപ്പിക്കുന്നവർ) യിട്ടാണ്. തിരുനബി ﷺ പറയുന്ന മറ്റൊരു വചനം ഇങ്ങനെയാണ്: നീ ഒന്നിരിക്കൽ ദീനീ വിജ്ഞാനത്തിൽ പണ്ഡിതനാവുക, അല്ലെങ്കിൽ പഠിതാവ്, അല്ലെങ്കിൽ ശ്രോദ്ധാവ്, അല്ലെങ്കിൽ സ്നേഹിതൻ, ഇതിലൊന്നും പെടാത്ത അഞ്ചാമതൊരാളാവരുത് നീ. എന്നാൽ ശൈഖുന ഉസ്താദ് ഇതെല്ലാം മേളിച്ചവരായിരുന്നു. ചെറുപ്പം മുതലേ മുതഅല്ലിമായി പിന്നീട് ആലിമായി അപ്പോഴെല്ലാം തൻ്റെ ഗുരുനാഥർക്കും സഹപാഠികൾക്കും ശിഷ്യർക്കും മുസ്തമിഉം മുഹിബ്ബുമായി തിരു നബി ﷺ തങ്ങൾ തുടങ്ങി വെച്ച അറിവിൻ്റെ വഴിയിൽ ത്യാഗപൂർണ്ണമായൊരു ജീവിതമായിരുന്നു ഉസ്താദ് നയിച്ചത്.
എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന് പഠിപ്പിച്ച തിരുനബി ﷺ യോടൊരിക്കൽ പ്രസ്തുത ദിവസത്തെ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടു. അന്നാണ് ഈ തിങ്കളുദിച്ചത് എന്നായിരുന്നു തിങ്കളായ തങ്ങളുടെ ﷺ പ്രതിവചനം. എല്ലാ തിങ്കളും പുറമെ വ്യാഴവും നോമ്പനുഷ്ഠിച്ച് തങ്ങളോടുള്ള ﷺ സ്നേഹം ഉസ്താദ് പ്രകടിപ്പിച്ചു. ഇങ്ങനെ ഹബീബിലലിഞ്ഞു ചേർന്ന് കൊണ്ട് തിരുനബി ﷺ യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം വലിയ ബഹുമാനവും സ്നേഹാദരവും നൽകി തിരു സുന്നത്തിൽ നിന്നും പഠിച്ചത് ജീവിതത്തിൽ പകർത്തിയവരായിരുന്നു ഉസ്താദ്.
തിരുനബി ﷺ പരിശുദ്ധ ദീനിനെ പ്രചരിപ്പിക്കാനും നിലനിർത്താനും എത്ര വലിയ പ്രയാസങ്ങൾ സഹിച്ചു. സ്വന്തം നാടും വീടും കുടുംബവും വിട്ട് പലായനം വരെ ചെയ്യേണ്ടി വന്നപ്പോഴും തിരുനബി ﷺ പറഞ്ഞത് ഞാൻ ഇതിനൊന്നും നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല, മറിച്ച് നിങ്ങൾ എൻ്റെ കുടുംബത്തെ സ്നേഹിക്കണം എന്നായിരുന്നു ആ തിരു ഭാഷ്യം. ഉസ്താദിൻ്റെ ജീവിതത്തിൽ നമുക്കിത് കാണാനാവും. തൻ്റെ മുമ്പിൽ നിൽക്കുന്നത് ഒരു സയ്യിദാണെന്നറിഞ്ഞാൽ, തൻ്റെ ദർസിലേക്ക് മുതഅല്ലിമായി ഒരു സയ്യിദ് വന്നാൽ, തുടങ്ങി ഹബീബ് തങ്ങളുടെ ﷺ പേരക്കിടാവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഉസ്താദ് കാണിക്കുന്ന ശ്രദ്ധയും ബഹുമാനവും വളരെ വലുതായിരുന്നു. തിങ്കൾ തങ്ങളിൽ ﷺ ഹൃദയമലിഞ്ഞവർ അങ്ങനെയാണല്ലോ..
