ഗുരുനാഥരുടെ കാൽപാടുകൾ അനുധാവനം ചെയ്തായിരുന്നല്ലോ ഉസ്താദിന്റെ ജീവിത വഴികൾ. ദർസിന്റെയും തദ്‌രീസിന്റെയും കാര്യവും മറിച്ചായിരുന്നില്ല. മഹാനായ ഇമാം നവവി(റ) പറഞ്ഞത് പോലെ വിലമതിക്കാനാവാത്ത സമയങ്ങളെ ചിലവഴിക്കാൻ ഏറ്റവും അനുയോജ്യമായ അറിവിന്റെ വഴിയിൽ തന്നെ സമയങ്ങളെ ചിലവഴിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു ഉസ്താദിന്. അതിനെ ഏറ്റവും മികച്ച ആരാധനകളിലൊന്നായി കാണുകയും മറ്റു കാര്യങ്ങൾക്കെല്ലാം അത് കഴിഞ്ഞുള്ള സമയങ്ങളും സ്ഥാനങ്ങളും നൽകുകയും ചെയ്തു.
സുബ്ഹി നിസ്കാരം കഴിഞ്ഞ് തുടങ്ങുന്ന സബ്‌ഖുകൾ രാത്രി വൈകിയും നീണ്ടു നിന്നു. അതിനിടയിൽ അത്യാവശ്യ ബ്രേക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദർസിൽ കുട്ടികൾ കുറവായ ആദ്യസമയങ്ങളിൽ പോലും അങ്ങനെയായിരുന്നു. ളുഹ്റ് നിസ്കാരം കഴിഞ്ഞ് ഒരു വിഭാഗം മുതഅല്ലിമീങ്ങൾ ചിലവിന് പോകുമ്പോൾ പോലും മറ്റൊരു ബാച്ചിന് സബ്ഖ് എടുത്തു. മറ്റുള്ളവർ ഭക്ഷണം കഴിച്ചു വന്നതിനു ശേഷമായിരുന്നു അവർ പോയിരുന്നത്. ആ സമയം പോലും ഒഴിഞ്ഞിരിക്കാൻ ആഗ്രഹിച്ചില്ല. നാട്ടിൽ പോകേണ്ട ദിവസം വളരെ വൈകി പോവുകയും തിരിച്ചു വരേണ്ട ദിവസം രാവിലെ തന്നെ എത്തലുമായിരുന്നു പതിവ്.
തന്റെ ശിഷ്യന്മാരായി വരുന്നവരെ മനസ്സിലാക്കുകയും അവർക്കാവശ്യമായ സ്നേഹവും കരുതലും ഉപദേശവും ശിക്ഷണവും തർബിയതും തസ്കിയതും നൽകുകയും അവരെ തന്റെ മക്കളായി കാണുകയും ചെയ്തു. അവർക്ക് വേണ്ടി എല്ലാം മാറ്റി വെക്കുകയും അവരുടെ ഉയർച്ചക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തു. അവരുടെ വേദനകളിൽ പങ്ക് ചേരുകയും അവർക്ക് ലഭിക്കുന്ന വിജയങ്ങളിലും പുരോഗതിയിലും അതിയായി സന്തോഷിക്കുകയും നിരന്തരം പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തു. “ഞങ്ങളുടെ ദർസിലെത്തുന്ന ഒരാളെയും നീ വഴിയാധാരമാക്കല്ലെ പടച്ചോനെ..” ഉസ്താദിന്റെ പതിവ് പ്രാർത്ഥനയായിരുന്നു ഇത്.
ജീവിതത്തിലുടനീളം പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കിലും സുഖകരമായി ദർസ് നടത്താൻ സാധിച്ചു കഴിഞ്ഞാൽ ആ മനസ്സിന് അത് മതിയായിരുന്നു. മറ്റുള്ളതെല്ലാം മറക്കാനുള്ള 'ഒറ്റമൂലി' യായിരുന്നു ഉസ്താദിന് സബ്ഖുകൾ, സബ്ഖിന് വന്നിരുന്നാൽ എല്ലാം മറക്കും. പിന്നെ ആവേശം ജനിക്കും. ശറഹുൽ അഖാഇദ് പോലോത്ത കിതാബുകളാണെങ്കിൽ ഇഷ്കാലുകൾ വരുമ്പോൾ ചാടി എണീറ്റിരുന്ന് മേശന്മേൽ ഒരു അടിയടിച്ച് “ഇനി ചോദിക്കെടാ.." എന്ന് പറയുമ്പോഴുണ്ടാകുന്ന ആവേശം അത് വേറെ തന്നെയാണ്.
സബ്ഖുകളുടെ രീതി വ്യത്യസ്തമായിരുന്നു. എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിൽ കൃത്യമായി വിവരിച്ചു തരും. ചെറിയ കിതാബുകൾ ഓതുമ്പോൾ ചോദ്യങ്ങൾ നന്നായി ചോദിച്ച് വിഷയം ഏറെക്കുറെ മനസ്സിലായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പാഠം മാറ്റിയിരുന്നുള്ളൂ. മറിച്ചാണെങ്കിൽ കൃത്യമായ ശിക്ഷ നടപടിയും പിരിച്ചു വിടലുമെല്ലാം നടക്കും. സബ്ഖ് പിരിച്ചുവിടുന്ന രീതി വളരെ രസകരമായിരുന്നു. എല്ലാവരോടും ഒരുമിച്ചുറക്കെ 'സ്വലാവാത്തി' ചൊല്ലാൻ പറയും. അത് പറഞ്ഞാൽ മനസ്സിലാക്കാം സബ്ഖ് മടക്കി വിടുകയാണെന്ന്. ചിലപ്പോൾ വടിയെടുത്ത് പിന്നാലെ ഓടിച്ചു വിടലും ഉണ്ടാവും. പ്രധാന കിതാബുകൾ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള സഹായകമാമിട്ടാണല്ലോ ചെറിയ കിതാബുകൾ ഓതുന്നത്. അത് പഠിക്കാതിരുന്നാൽ വരാൻ പോകുന്ന പ്രയാസങ്ങൾ എപ്പോഴും ഓർമ്മപ്പെടുത്തുമായിരുന്നു.
ഇൽമു സ്വർഫിലെ പ്രധാന ഗ്രന്ഥമായ സൻജാനിൽ പദങ്ങളുടെ അസ്വ്‌ല് വെച്ച് കൊടുക്കുമ്പോൾ സാധാരണ എല്ലാവരും പ്രയോഗിക്കുന്ന ശൈലി “വാവ് ഹർഫ് ളഹീഫ്, ഹർകത് ഉമ്മത് ഖവിയ്യ്" എന്ന ശൈലിയാണല്ലോ.. എന്നാൽ ഉസ്താദ് പറഞ്ഞിരുന്നത് എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന “വാവ് ശേഷിയില്ലാത്ത അക്ഷരവും വാവിനിക്ക് ളമ്മത്ത് ഭാരമാവുകയും ചെയ്തപ്പോൾ" എന്ന രൂപത്തിൽ അതിന്റെ ആശയമായിരുന്നു. വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ഗ്രഹിക്കാൻ ഇത് സഹായകമായിരുന്നു. ഇത് അവിടുത്തെ ഉസ്താദ് കുഞ്ഞുസ്താദിൽ നിന്നും പഠിച്ചതാണ്. അവർ കാരക്കുന്ന് ഉസ്താദിൽ നിന്നും.
ഇഹ്‌യാഉസ്സുന്നയിലേക്ക് സെലക്ഷന് ചെന്നപ്പോൾ റഈസുൽ ഉലമ ഉസ്താദ് ചോദിച്ച ചോദ്യങ്ങളിൽ മറ്റൊന്ന് ഒരു പദത്തിന്റെ (إما ترين) അസ്വ്‌ല് വെക്കാനായിരുന്നു. അപ്പോൾ ഈ വ്യത്യസ്തമായ രീതിയിൽ അസ്വ്‌ല് വെച്ച് കൊടുത്തപ്പോൾ അതിനെ കുറിച്ച് റഈസുൽ ഉലമ ഉസ്താദ് ചോദിച്ചറിഞ്ഞു വെന്നും നല്ല അഭിപ്രായം പറഞ്ഞുവെന്നും ഉസ്താദ് പറയാറുണ്ട്.
സബ്ഖുകൾക്ക് വലിയ കിതാബുകൾ ഉസ്താദിന് വായിച്ചു കൊടുക്കലായിരുന്നു പതിവ്. ഓരോ ദിവസവും ഓരോരുത്തരെ കൊണ്ടു വായിപ്പിക്കും. തെറ്റിയാൽ ശരിയാക്കി തരും. വായനശീലം വർദ്ധിപ്പിക്കണമെന്ന് എപ്പോഴും ഉണർത്തും. ദർസായത് കൊണ്ട് വിദ്യാർത്ഥികളുടെ പഠന മികവിൽ ഏറ്റവിത്യാസം സ്വാഭാവികമാണല്ലോ. എന്നാൽ എല്ലാവ രെയും പരിഗണിക്കുകയും സംതൃപ്തരാക്കുകയും ചെയ്യുന്ന രീതിയായിരുന്നു. അതായത് അറിവിന്റെ ആഴങ്ങൾ ആഗ്രഹിക്കുന്നവർക്ക് അത് ആവോളം നൽകി.
അതോടൊപ്പം തന്നെ ജീവിതാനുഭവങ്ങളും ഓർമകളും മനസിൽ തറക്കുന്ന നസ്വീഹത്തുകളും അയവിറക്കി. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ സനദും പറഞ്ഞു. അതിന്റെ മർമവും നർമവും നഷ്ടപ്പെടാതെ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ ആത്മീയമായി ഉയർത്താനാവശ്യമായ കാര്യങ്ങൾ പറഞ്ഞു കൊടുത്ത് അവരെ തസ്കിയത് ചെയ്തു. അത് കൊണ്ട് തന്നെ എല്ലാവർക്കും പഠിക്കാനും ഓർക്കാനും പറയാനും ഉൾകൊള്ളാനും പകർത്താനും ആവശ്യമായതെല്ലാം ഉസ്താദിന്റെ സബ്ഖോർമകളുടെ താളുകളിൽ ധാരാളമുണ്ട്.
സുന്നത്ത് ജമാഅത്ത് പറയുമ്പോൾ പ്രത്യേക ആവേശമായിരുന്നു. പുത്തനാശയക്കാരുടെ വാദങ്ങളും അതിനുള്ള മറുപടികളും ഖണ്ഡന പ്രസംഗങ്ങളും പണ്ട് കാലത്തെ സംഭവങ്ങളും കൃത്യമായി അവതരിപ്പിക്കും. അവിടുത്തെ ഉസ്താദുമാരുടെ ജീവിതങ്ങളും സുൽത്വാനുൽ ഉലമ ഉസ്താദും പലപ്പോഴും വളരെ ആവേശത്തോടെ അവതരിപ്പിക്കപ്പെടാറുണ്ട്. അത് പോലെ ദർസിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു മുതഅല്ലിമിനെ മദ്രസ പഠിപ്പിക്കാൻ വേണ്ടി ഉസ്താദ് വിട്ടിരുന്നില്ല. അത് എത്ര നല്ല പോസ്റ്റ് വന്നാലും ജീവിത പ്രാരാബ്ധങ്ങൾ ഉണ്ടെങ്കിലും അങ്ങനെ തന്നെ. ദർസ്പഠനം കഴിഞ്ഞതിന് ശേഷമാണ് അധ്യാപനം എന്നതായിരുന്നു ഉസ്താദിന്റെ നിലപാട്.
ഓതിപ്പഠിക്കുന്ന ശബ്ദം എപ്പോഴും ഉസ്താദിന് കേൾക്കണമായിരുന്നു. ശബ്ദം നിലച്ചാൽ ഹാളിലേക്ക് കയറി വരികയും പഠനേതര വിഷയങ്ങളിൽ ഏർപ്പെടുന്നവർക്ക് വേണ്ടത് നൽകുകയും ചെയ്യും. “നിങ്ങൾക്ക് ഉറങ്ങണമെങ്കിൽ ഓതാൻ ആളെ ആക്കിയിട്ട് ഉറങ്ങിക്കോളൂ..” എന്ന് തമാശക്ക് പറയാറുണ്ടെന്ന് അവർ ഓർക്കുന്നു. സബ്ഖുകളില്ലാതെ ഒഴിഞ്ഞിരിക്കാൻ ഉസ്താദിന് കഴിയാറില്ല. പുത്തൻ പീടികയിൽ ദർസ് നടത്തുന്ന സമയത്തൊരിക്കൽ ഉസ്താദിന് വയറ് സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അപ്പോൾ സബ്ഖ് താഴെ പള്ളിയിലേക്ക് ബാത്റൂമിന്റെ ഭാഗത്തേക്ക് മാറ്റുകയും പ്രയാസമാണെന്ന് തോന്നുമ്പോൾ പോവുകയും തിരിച്ചു വന്നു സബ്ഖ് തുടരുന്നതുമായിരുന്നു അന്നത്തെ കാഴ്ച.
ഉസ്താദിനെ കാണാനും സംസാരിക്കാനും ആരെങ്കിലും വരുന്നുണ്ടെങ്കിൽ ശിഷ്യന്മാരോട് ആദ്യമേ പറഞ്ഞുവെക്കും: “നിങ്ങളുടെ സമയമായാൽ നിങ്ങൾ സബ്‌ഖിന് വന്നിരിക്കണം.. നിങ്ങളെ കാണുമ്പോൾ അവർ സംസാരം നിർത്തിക്കോളും.. ഇനി അത്യാവശ്യമായ കാര്യങ്ങളാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ നിങ്ങളോട് പിന്നീട് വരാൻ പറയുകയും ചെയ്യാം..” ഇതായിരുന്നു രീതി. ഉസ്താദിന് അവരോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടോ പ്രയാസമായിട്ടോ ആയിരുന്നില്ല. മറിച്ച് സബ്ഖ് നഷ്ടപ്പെടുമോ എന്ന ചിന്തയിൽ നിന്നായിയിരുന്നു അത്. എവിടെക്കെങ്കിലും അത്യാവശ്യമായി പോകാൻ നിൽക്കുമ്പോൾ പോകാനുള്ള വാഹനം വൈകുകയോ കുറഞ്ഞ സമയം കാത്തിരിക്കേണ്ടി വരുമെന്ന് അറിയുകയോ ചെയ്താൽ ഉടനെ സബ്ഖിന് വിളിക്കും. നാട്ടിലേക്ക് പോകാൻ വേണ്ടി ഇറങ്ങി മുറ്റത്ത് നിന്നും തിരിച്ചുവന്ന് “മുല്ലാഹസൻ കൊണ്ടുവാ..'' എന്ന് പറഞ്ഞത് ശിഷ്യന്മാർ ഇപ്പോഴും ഓർക്കുന്നുണ്ട്.
അല്ലാഹുവിന്റെ അചഞ്ചലമായ വിധി വന്നു ചേർന്നപ്പോൾ രോഗത്തിനടിമപ്പെട്ട് അവസാന ഒന്നര വർഷക്കാലം ദർസിൽ നിറ സാനിദ്യമാകാൻ അസാധ്യമായെങ്കിലും തന്റെ ശിഷ്യരിലൂടെ ദർസ് നിലനിർത്താൻ സാധിച്ചു. രോഗം ശക്തമായ സമയത്തും പ്രയാസപ്പെട്ട് വീട്ടിൽ നിന്നും ക്ലാസ് എടുത്തിരുന്നു. പക്ഷേ ക്ഷീണവും തളർച്ചയും അത് തുടരാൻ സമ്മതിച്ചില്ല. എങ്കിലും ഉസ്താദ് സബ്ഖിൽ തന്നെയായിരിക്കും. കാരണം ഒരാൾ പതിവായി ചെയ്തിരുന്ന ആരാധനാ കർമം രോഗം കാരണം ചെയ്യാൻ തടസ്സമായാൽ അതിന്റെ പ്രതിഫലം അദ്ദേഹത്തിന് രേഖപ്പെടുത്താൻ വേണ്ടി മലക്കുകളോട് അല്ലാഹു പറയും എന്നാണല്ലോ തിരുവചനം. അല്ലാഹു ആ കൂട്ടത്തിൽ ഉസ്താദിനെ ഉൾപ്പെടുത്തട്ടെ..

