ഇലാഹീ സാമീപ്യത്തിനുള്ള പ്രധാന ഘടകമാണല്ലോ സൂക്ഷ്മത. ചെറുപ്പം മുതൽ തന്നെ ഉസ്താദിന്റെ ജീവിത വഴികളിൽ അതൊരു നിഴലായി കൂടെയുണ്ടായിരുന്നു. മറ്റുള്ളവർ നൽകുന്നത് വാങ്ങാൻ ഇഷ്ടമുണ്ടായിരുന്നില്ല. ത്രിപ്തിപ്പെട്ട് തരുന്നത് വാങ്ങണമെന്ന് പറയുമെങ്കിലും അത് പോലും വാങ്ങൽ കുറവായിരുന്നു. കൊടുക്കാനുള്ളവ കൃത്യമായി രേഖപ്പെടുത്തി വെക്കും. ഹലാലാണെന്ന് ഉറപ്പുള്ളത് മാത്രമേ വാങ്ങാവൂ എന്നും സമ്പത്തിൽ നിന്ന് അധ്വാനിച്ച് ലഭിക്കുന്നതിൽ നിന്ന് മാത്രമേ ഭക്ഷണകാര്യങ്ങൾക്ക് ഉപയോഗിക്കാവൂ എന്നും മറ്റു വഴികളിലൂടെ ലഭിക്കുന്നത് മറ്റു ആവിശ്യങ്ങൾക്ക് ചിലവഴിക്കണമെന്നും എപ്പോഴും പറയാറുണ്ട്.
ഉപയോഗിക്കുന്ന കിതാബുകളിൽ ചിലത് ഓതിക്കൊടുക്കാൻ വേണ്ടി മറ്റുള്ളവർ നൽകിയതുണ്ടായിരുന്നു. എന്നാൽ അത് പ്രത്യേകം സൂക്ഷിക്കുകയും അതിലൊന്നും രേഖപ്പെടുത്തുകയോ എഴുതി വെക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. ആരുടെയെങ്കിലും കയ്യിൽ നിന്ന് വാങ്ങിയ കിതാബുകൾ കൃത്യമായി തന്നെ തിരിച്ചേൽപ്പിക്കുമായിരുന്നു. സേവനം ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം വർഷത്തിലൊരിക്കൽ കരന്റ് ബില്ലിലേക്ക് ഒരു തുക നൽകുമായിരുന്നു. എന്തെങ്കിലും സ്വന്തം ആവശ്യത്തിന് അധികം ഉപയോഗിച്ചിട്ടുണ്ടാകുമോ എന്ന ചിന്തയിൽ നിന്നായിരുന്നു അത്.
ആരാധനകളിലെല്ലാം ആ സൂക്ഷ്മത കാണാമായിരുന്നു. പതിവായി ചെയ്യുന്ന കാര്യങ്ങളാണല്ലോ റബ്ബിന് കൂടുതൽ തൃപ്തികരം. നേരത്തെ എണീറ്റ് തഹജ്ജുദ് നിസ്കാരവും പതിനൊന്ന് റക്അത് വിത്റ് നിസ്കാരവും ഖുർആൻ പാരായണവും. പിന്നീട് ളുഹാ നിസ്കാരവും റവാതിബ് സുന്നത്ത് നിസ്കാരങ്ങളിൽ മുഅക്കദും അല്ലാത്തതും ഹദ്ദാദ് റാത്തീബും. ഇവയെല്ലാം പതിവായി കൃത്യമായി ചെയ്തിരുന്നതിൽ പെട്ടതാണ്. നഷ്ടപ്പെട്ടാൽ ഖളാഅ് വീട്ടുകയും ചെയ്യും. നാട്ടിലാണെങ്കിലും കൃത്യമായി ജമാഅത്തി ന് പള്ളിയിലെത്തും. യാത്രകളിലാണെങ്കിലും ജമാഅത്തിൽ പങ്കെടുക്കാൻ ശ്രമിക്കലും രാത്രിയിലാണെങ്കിൽ ഹദ്ദാദ് ചൊല്ലലും പതിവായിരുന്നു. അത് പോലെ പഠന കാലം മുതലേ തിങ്കൾ, വ്യാഴം ദിവസങ്ങളിലെ സുന്നത്ത് നോമ്പ് കൃത്യമായി എടുത്തിരുന്നു. വീട്ടിലെ പെങ്ങളുടെ വിവാഹ സൽക്കാരം പ്രസ്തുത ദിവസങ്ങളിലൊന്നായിരുന്നു. കല്യാണത്തിരക്കുകൾ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് നോമ്പ് എടുത്തിരിക്കുന്ന വിവരം മറ്റുള്ളവർ അറിയുന്നത്.
ഒരിക്കൽ വെല്ലൂരിലേക്ക് ചില ശിഷ്യന്മാരുമൊത്ത് സിയാറത്തിന് പോയി. ടെയിനിൽ വെച്ച് തഹജ്ജുദ് നിസ്കാരം മുടങ്ങാതെ നിർവ്വഹിച്ചതും അവിടെ എത്തിയപ്പോൾ പള്ളിയിൽ പോയി ഫർള് നിസ്കാരങ്ങൾക്ക് പുറമെ സുന്നത്ത് നിസ്കാരങ്ങൾ കൂടി മടക്കി നിസ്കരിച്ചത് ശിഷ്യർ ഓർക്കുന്നുണ്ട്. കുഞ്ഞിളം പ്രായ ത്തിൽ പോലും അവനോട് നിസ്കരിക്കാൻ പറയേണ്ടി വന്നത് ഓർക്കുന്നില്ലെന്നും അന്യ സ്ത്രീകളുള്ള വഴിയിൽ നിന്നും മാറി മറ്റൊരു വഴിയിലൂടെ വന്നതെല്ലാം അവിടുത്തെ ഉമ്മയോർമകളുടെ താളുകളിലുണ്ട്.
കുറ്റിപ്പാല ദർസ് നടത്തുന്ന സമയത്ത് അങ്ങാടിയിൽ നിന്നും ബസ്സിറങ്ങി നടക്കാനുള്ള ദൂരമുള്ളൂ എങ്കിലും നിരന്തരം ഓട്ടോ വിളിച്ച് വരുന്ന ഉസ്താദിനോട് ഒരിക്കൽ ഒരാൾ കാര്യം തിരക്കുകയുണ്ടായി. അപ്പോൾ ഉസ്താദിന്റെ മറുപടി ഇങ്ങനെയായിരുന്നു. “നടന്നു വരുമ്പോൾ തിരികെ വരുന്നതും അപ്പുറത്തും ഇപ്പുറത്തുമുള്ള സ്ത്രീകളെ കാണേണ്ടി വരും. അത് വേണ്ട എന്ന് കരുതിയിട്ടാണ്. മാത്രവുമല്ല ഓട്ടോയിൽ കയറിയാൽ തന്നെ മധ്യഭാഗത്ത് ഇരിക്കലായിരുന്നു പതിവെന്ന് നാട്ടുകാർ പറയുന്നു.
ഒരിക്കൽ ദർസിൽ നിന്നും തിരുവനന്തപുരം വരെ സിയാറത്ത് യാത്ര നടത്തി. പോകുന്ന വഴിയിൽ തൃശൂർ മൃഗശാല സന്ദർശിക്കാൻ എല്ലാവരും താൽപര്യം പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ സംഘാടകരുടെ നിർബന്ധത്തിന് വഴങ്ങി തൃശൂർ മൃഗശാല സന്ദർഷിക്കാമെന്നായി. രാവിലെയായത് കൊണ്ട് തന്നെ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ച് നടന്നപ്പോൾ മുന്നിൽ മറ്റു നാട്ടുകാരായ സ്ത്രീകളെ കാണപ്പെട്ടു. അറിയാതെ ഉസ്താദിന് അവരെ കാണേണ്ടി വന്നു. എന്നാൽ പിന്നീട് ബാക്കിയുള്ളത് പെട്ടന്ന് കണ്ടു തീർത്ത് ബസിൽ തിരിച്ചെത്തിയ ശേഷം ഇസ്തിഗ്ഫാർ ചൊല്ലുകയും കരഞ്ഞ് കൊണ്ട് ദുആ ചെയ്യുകയും ചെയ്യുന്നതാണ് കാണാനായത്. അത് ഹറാമാണെന്നും കാണാൻ പാടില്ലെന്നും നിങ്ങളാണ് അതിന് കാരണക്കാരെന്നും പറഞ്ഞു സംഘാടകരെ ശകാരിക്കുകയും ചെയ്തു. സ്ത്രീകൾ എല്ലാം മറന്ന് കൂട് വിട്ടിറങ്ങുന്ന ഇന്നിന്റെ കാലത്ത് ഉസ്താദിന്റെ ജീവിത യാത്രയിൽ നമുക്ക് പാഠമാക്കാൻ മാതൃകകൾ ഏറെയാണ്.
ഇതെല്ലാം കൊണ്ട് തന്നെയായിരിക്കും അവിടുത്തെ വാക്കുകൾക്കും പ്രാർത്ഥനകൾക്കും വലിയ ഫലമായിരുന്നു. വാക്കുകൾക്ക് വലിയ ശക്തിയായിരുന്നു. മനസിൽ തറക്കുന്ന ആരെയും ചിന്തിപ്പിക്കുന്ന ഉപദേശങ്ങളായിരിക്കും. ആർക്കും അത് ഉൾക്കൊള്ളാനാവുന്ന രീതിയിൽ ലളിതവുമായിരിക്കും. അവിടുത്തെ പ്രാർത്ഥനകൾ വേറിട്ടത് തന്നെയായിരുന്നു. അറബിയിലും മലയാളത്തിലും സന്ദർഭോജിതമായി പ്രാർത്ഥന നടത്താൻ ഉസ്താദിന് കഴിയുമായിരുന്നു. ആരെയും കരയിപ്പിക്കുന്ന രൂപത്തിലായിരുന്നു ആ പ്രാർത്ഥനകൾ. സിയാറത്തിനും മറ്റും കൂടെ കൂടി ആ പ്രാർത്ഥനയും ഉപദേശവും കേട്ട് മനസ് മാറി ജീവിതം മാറ്റിയവർ ധാരാളമുണ്ട്.

