തഖ്‌വാബാദും മാനു ഉസ്താദും

MIQDAD OFFICIAL

 


തഖ്‌വാബാദ്, മലപ്പുറം ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ഗ്രാമം. മഞ്ചേരി- അരീക്കോട് റൂട്ടിലെ പാറമ്മലിൽ നിന്നും ഒരു കി.മി ദൂരം സഞ്ചരിച്ചാൽ തഖ്‌വാബാദിലെത്താം. പണ്ടുകാലങ്ങളിൽ കാവനൂരിൽ നിന്ന് മീഞ്ചിറയിലേക്കും മുത്തനൂരിലേക്കും തൃപ്പനച്ചിയിലേക്കുമെല്ലാം നടന്നു പോയിരുന്നത് പാറമ്മൽ മുതൽ തഖ്‌വാബാദിലൂടെ മുത്തനൂർ വഴി തൃപ്പനച്ചിയിലേക്കുളള വഴിയിലൂടെയായിരുന്നു. അന്നത് നടവഴിയായിരുന്നു. അത് കൊണ്ട് തന്നെ തൊണ്ടിയൻ തൊടു പൊറാഴി (പൊറവഴി) എന്ന പേരിലായിരുന്നു ആദ്യം അവിടം അറിയപ്പെട്ടിരുന്നത്. ഇപ്പോൾ തഖ്‌വാബാദിലെ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലവും അതിന്റെ പടിഞ്ഞാറ് ഭാഗവുമെല്ലാം ആൾ താമസമില്ലാത്ത കാട് മൂടിയ പ്രദേശങ്ങളായിരുന്നു. അപ്പുറമുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അവർ തവരാപറമ്പ് പള്ളിയിലേക്കും ഇപ്പുറത്തുള്ളവർ കാവനൂർ, ഇളയൂർ പള്ളിയിലേക്കുമൊക്കെയായിരുന്നു പോയിരുന്നത്. പിന്നീടാണ് രണ്ടു ഭാഗങ്ങളും ബന്ധിപ്പിക്കുന്ന റോഡ് വരുന്നതും ജനവാസ കേന്ദ്രമാവുന്നതും. ആദ്യം തവരാപറമ്പ് ജുമാ മസ്ജിദും പിന്നീട് കാവനൂരും പിന്നീട് ഇളയൂരിലുമായാണ് പള്ളികൾ നിർമിക്കപ്പെട്ടത്.


അന്ന് പാറമ്മൽ ഭാഗത്തുള്ളവർ പടിഞ്ഞാറെ പറമ്പ് എന്നും പടിഞ്ഞാറ് ഭാഗത്തുള്ളവർ കിഴക്ക് പറമ്പ് എന്നും തഖ്‌വാബാദിനെ വിളിച്ചു. മുണ്ടക്കൻ പറമ്പ് എന്നും പേരുണ്ടായിരുന്നു. അത് പ്രധാന മായും മൂന്ന് തറവാട് വീടുകളാണ് ഉണ്ടായിരുന്നത്. തൊണ്ടിയൻ തൊടു വീട്, മുണ്ടക്കാ പറമ്പൻ വീട്, വാളപ്ര വീട്. അന്നത്തെ കാലങ്ങളിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വഅളുകൾ നടന്നിരുന്നത് ഇന്ന് പള്ളി നിൽക്കുന്ന സ്ഥലത്തായിരുന്നു. മൈക്ക് സംവിധാനങ്ങളൊന്നും ഇല്ലാത്ത അക്കാലത്ത് അവിടെയുള്ള പാറയിൽ കയറിനിന്നായിരുന്നുവത്രെ വഅള് പറഞ്ഞിരുന്നത്.


പിന്നീട് പള്ളി നിർമാണം ആരംഭിക്കുകയും 1989 ൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് പള്ളിയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. “ശൈഖുനാ കാന്തപുരം കാവനൂരിൽ" എന്നായിരുന്നു അന്നത്തെ പോസ്റ്റർ. പള്ളിയുടെ തൊട്ടടുത്ത് തന്നെയായിരുന്നു വേദിയൊരുക്കിയിരുന്നത്. അങ്ങനെ ആ നഗരിക്ക് പുതിയൊരു പേരിട്ടു, കാവനൂർ തഖ്‌വാബാദ് നഗർ. അബൂബക്ർ ബാഖവി (കുഞ്ഞു ഉസ്താദ്) ആണ് പേര് നിർദ്ദേശിച്ചത്. അബ്ദുസലാം സഖാഫി അത് പ്രഖ്യാപിക്കുകയും ചെയ്തു. പള്ളിക്ക് മസ്ജിദു തഖ്‌വ എന്നും പേരിട്ടു. ഉദ്ഘാടനത്തിനെത്തിയ കാന്തപുരം ഉസ്താദ് ആ പേര് പറയുക കൂടി ചെയ്തതോടെ ആ നാടിന്റെ പേര് അതായി മാറുകയായിരുന്നു. പിന്നീട് അഞ്ച് വർഷത്തിന് ശേഷമാണ് തഖ്‌വാബാദ് പള്ളിയിൽ ജുമുഅ ആരംഭിക്കുന്നത്. മഹാനായ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരുടെ നിർദ്ദേശ പ്രകരമായിരുന്നു അത്. ജുമുഅ തുടങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇളയൂരിലേയും കാവനൂരിലേയും പള്ളിയിലേക്ക് പോവൽ പ്രയാസമാവുകയും മഹല്ല് സംവിധാനങ്ങളിൽ വേണ്ടത്ര പരിഗണന ലഭിക്കാതിരിക്കുകയും ചെയ്തതായിരുന്നു.


അങ്ങനെ ഇസ്മാഈൽ ഉസ്താദിനെ ചെന്ന് കണ്ടു. ജുമുഅ തുടങ്ങാമെന്നും വേഗം നാൽപത് ആളുകളുടെ ഒപ്പ് ശേഖരിക്കണമെന്നും ഉസ്താദ് നിർദ്ദേശിച്ചു. അങ്ങനെ എഴുപതോളം ആളുകളുടെ ഒപ്പുമായി ഉസ്താദിനെ സമീപിച്ചു. സലാം സഖാഫിയാണ് അതിന് നേതൃത്വം നൽകിയത്. അങ്ങനെ തൊട്ടടുത്ത ആഴ്ച തന്നെ ഉസ്താദ് വന്ന് ജുമുഅക്കും ഖുതുബക്കും നേതൃത്വം നൽകി. അരീക്കോട് സോണിൽ സ്വന്തം പള്ളിയിൽ ജുമുഅ തുടങ്ങുന്ന ആദ്യത്തെ എ.പി പള്ളിയായിരുന്നു തഖ്‌വാബാദിലെ തഖ്‌വ മസ്ജിദ്. പിന്നീട് ഖബർസ്ഥാനും വാങ്ങി. പലരുടെയും സഹായ സഹകരണത്തോടെ നാൽപതിൽ പരം സെന്റ് ഭൂമി അന്നത്തെ മുന്തിയ വില നൽകിയാണ് വാങ്ങിയത്.


അന്ന് ശൈഖുനാ ഉസ്താദ് മുതഅല്ലിമായതിനാലും നാട്ടിലെ സാനിദ്ധ്യം കുറവായതിനാലും കാര്യമായ ഇടപെടലുകളൊന്നും നടത്തിയിരുന്നില്ല. പിന്നീട് മുദരിസായതിന് ശേഷമാണ് എല്ലാ കാര്യങ്ങളിലും പങ്കാളിത്തം ഉണ്ടായത്. പള്ളിയിൽ ജുമുഅ തുടങ്ങിയ ശേഷമുണ്ടായ പ്രവർത്തനങ്ങളിലെല്ലാം ഉസ്താദിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മഹ്ളറത്തുൽ ബദ്‌രിയ്യയുടെ മജ്ലിസുകൾ വരുന്നതിന് മുമ്പ് തന്നെ ഉസ്താദിന്റെ നേതൃത്വത്തിൽ വീടുകൾ തോറും നടന്ന മജ്ലിസുകൾ തഖ്‌വാബാദിൽ തഖ്‌വയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്.


സുന്നത്ത് ജമാഅത്ത് പറയാനും പകർത്താനും ഉസ്താദിന് വലിയ ആവേശമായിരുന്നു. എല്ലാ പരിപാടികൾക്കും മുന്നിൽ നിന്നു നയിച്ചു. ഒരേ സമയം പ്രവർത്തകനായും ഉപദേശകനായും നേതാവായും മുന്നിലുണ്ടായിരുന്നു. എല്ലാ വഖ്ത് ജമാഅത്തിനും കൃത്യമായി പള്ളിയിലെത്തും. റമളാൻ മാസമായാൽ പള്ളിയിൽ തന്നെയായിരുക്കും കൂടുതലും. ഒറ്റയിട്ട രാവുകൾ ദിക്റും സ്വലാത്തും ഖുർആനോത്തും കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനകളുമായി ഹയാത്താക്കലായിരുന്നു പതിവ്.


പള്ളിയിലോ നാട്ടിലോ എന്ത് കളക്ഷൻ നടത്തുകയാണെങ്കിലും കൈനീട്ടം നൽകാൻ ആദ്യം ഉസ്താദായിരിക്കും. അത് മോശമല്ലാത്ത സംഖ്യയുമാകും. ദീനിന് വേണ്ടി ചിലവഴിക്കാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. എല്ലാ പരിപാടികളിലും പങ്കെടുക്കുകയും അതിനെ കുറിച്ച് അന്വോഷിക്കുകയും സാമ്പത്തികമായ കാര്യങ്ങളിൽ വേണ്ടത് ചെയ്ത് കൊടുക്കുകയും ചെയ്യും. അത് സുന്നി ബാല സംഘത്തിന്റെ പരിപാടിയാണെങ്കിൽ പോലും, പള്ളിയിൽ ജോലി ചെയ്യുന്ന ഖതീബുമാർക്കും മുഅദ്ദിനുമാർക്കും വരെ ഉസ്താദിനോട് വലിയ താൽപര്യമായിരുന്നു. കാരണം കമ്മിറ്റിയിൽ ഉസ്താദ് ഉണ്ടായത് കൊണ്ട് തീരുമാനങ്ങളിലെല്ലാം ഉസ്താദ് അവരുടെ കൂടെയായിരിക്കും. അവർക്ക് പറയാനുളളത് കേൾക്കാനും പരിഹാരം കണ്ടത്താനും ഉസ്താദ് മനസ്സ് കാണിച്ചിരുന്നു.


പുഞ്ചിരി തൂകുന്ന മുഖവും എത്ര ചെറിയവരെയും പരിഗണിക്കുന്ന വിശാല മനസുമായിരുന്നു ഉസ്താദിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവരായി മാറി. സ്നേഹത്തോടെ അവർ മാനു എന്നും മാനുസ്താദ് എന്നും വിളിച്ചു. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും സാന്ത്വനവും മാർഗദർശിയുമായിരുന്നു ഉസ്താദ്. വീടുകളിലെ പരിപാടികളിലേക്കെല്ലാം അവർ മാനുസ്താദിനെ വിളിക്കാൻ മറക്കാറില്ല. അത് കൊണ്ട് തന്നെയാവാം നാട്ടിലെ വലിയൊരു വിഭാഗം മുതഅല്ലിമീങ്ങളും ഉസ്താദിന്റെ ശിഷ്യന്മാരായിരുന്നു. അവർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരും ആയിരുന്നു. നാട്ടിൽ കൂടുതൽ മുതഅല്ലിമീ ങ്ങളുണ്ടായത് മാനു ഉസ്താദിന്റെ രംഗ പ്രവേശനത്തിന് ശേഷമാണെന്ന് നാട്ടുകാർ സന്തോഷത്തോടെ ഓർക്കുന്നുണ്ട്.