ജീവ ചരിത്രം
1974 ഏപ്രിൽ 26 (04 റബീഉൽ ആഖിർ 1394) ന് തളക്കോടൻ വീരാൻ കുട്ടി മുസ്‌ലിയാരുടെയും വെള്ളേരി ഫാത്തിമയുടെയും മകനായി മുണ്ടമ്പ്രയിലെ മാതൃ വീട്ടിലായിരുന്നു ജനനം. പ്രിയ പുത്രന് ഇബ്റാഹീം എന്ന പേര് വെച്ചു. സ്നേഹ സമ്പൂർണമായ ആ ജീവിതത്തിന്റെ ബാല്യകാലം ജന്മനാട്ടിൽ തന്നെയായിരുന്നു. മുണ്ടമ്പ്രയിലെ ഇല്യാനം കുന്ന് ഇർഷാദുൽ അനാം മദ്റസയിൽ വെച്ച് മഹാനായ സി.എം വലിയുല്ലാഹി(റ) യുടെ മുരീദായിരുന്ന കാരത്തോടു സി.ടി മുഹമ്മദ് മുസ്ലിയാരുടെ മഹനീയ ശിക്ഷണ ത്തിലായിരുന്നു പ്രാഥമിക പഠനം. മുമ്പ് ജി.എം.യു.പി സ്കൂളിൽ വെച്ച് ഭൗതിക പഠനവും ആരംഭിച്ചു. പിന്നീട് പത്താം വയസ്സിലാണ് ഉപ്പയുടെ നാടായ കാവനൂരിലെ ചേലപ്പുറത്തേക്ക് താമസം മാറുന്ന ത്. അന്ന് മദ്റസയിൽ നാലാം ക്ലാസിലായിരുന്നു. അവിടെ നിന്നും കാവനൂർ ബുസ്താനുൽ ഉലൂം മദ്റസയിലും കാവനൂർ എ.യു.പി സ്കൂളിലുമായി പഠനം തുടർന്നു.
തികഞ്ഞ മത ബോധവും ആത്മീയാന്തരീക്ഷമുള്ള പരിത സ്ഥിതിയായിരുന്നു ആ കുടുംബത്തിന്. കാരണം, അറിവും ആത്മീയതയും നിറഞ്ഞ സൂഫി വനിതയായിരുന്ന ബിയ്യക്കുട്ടി എന്നവരുടെ ശിക്ഷണത്തിലും മേൽനോട്ടത്തിലും വളർന്നു വന്ന കുടുംബമായിരുന്നു അത്. സമയബന്ധിതമായ ദിക്റിൽ മുഴുകിയ ജീവിതമായിരുന്നു മഹതിയുടെത്. എപ്പോഴും തസ്ബീഹ് മാല വിരലുകളിൽ മറിയുന്നുണ്ടാവും. മഗ്‌രിബിന് ശേഷം ആരോടും സംസാരിക്കാതെയും ഇശാഅ് നിസ്കാര ശേഷം കുറഞ്ഞ സമയം ഉറങ്ങി എണീറ്റ് ദിക്റിലും ഖുർആനിലും മുഴുകലായിരുന്നു പതിവ്. അന്ന് നിസ്കാര സമയം അറിയിക്കാൻ നകാര മുട്ടുന്ന കാലമാണ്. പക്ഷേ പലപ്പോഴും അത് കേൾക്കില്ല. എന്നാൽ നിസ്കാര സമയം ദിക്റിനനുസരിച്ചും ഖുർആൻ ഓത്തിനനുസരിച്ചും മനസിലാക്കും. “ഏഴു യാസീൻ ഓതിയാൽ രാകെടും(തഹജ്ജുദ് നിസ്കാര സമയമാകും) പിന്നെ മൂന്ന് യാസീൻ ഓതിയാൽ സുബഹിയാകും” ഇങ്ങനെയൊക്കെയായിരുന്നു മഹതിയുടെ കണക്കുകൾ.
മർഹൂം തളക്കോടൻ ബീരാൻകുട്ടിയാണ് ഈ മഹതിയുടെ ഭർത്താവ്. നൂറ്റാണ്ടോളം പഴക്കമുള്ള പെട്ടിയത്ത് സ്കൂൾ ഇന്നത്തെ മദ്റസ യുടെ ആദ്യ രൂപമായ ഓത്തു പള്ളിയായിരുന്നു. അതിന്റെ സ്ഥലമെടുപ്പിനും നിർമാണത്തിനും പ്രധാന പങ്കുവഹിച്ചത് മർഹൂം ബീരാൻ കുട്ടിയായിരുന്നു. അവരുടെ മക്കളിൽ രണ്ടാമത്തവരായ സിറാജുദ്ദീൻ എന്നവരുടെ മൂത്തമകൻ വീരാൻകുട്ടിയാണ് ഉസ്താദിന്റെ പിതാവ്.
അറിവും ആത്മീയതയും നിറഞ്ഞ ഉസ്താദിന്റെ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്ന പല സംഭവങ്ങൾക്കും ചെറുപ്പം മുതലേ മാതാപിതാക്കൾ സാക്ഷികളായിട്ടുണ്ട്. ഒരിക്കൽ മുണ്ടമ്പ്രയിലായിക്കുമ്പോൾ അടുത്തുള്ള കോലോത്ത് തങ്ങളുടെ വീട്ടിലേക്ക് വന്ന മഹാനായ സി.എം വലിയുല്ലാഹി(റ), ചെറുപ്രായത്തിലുള്ള മകനെ നോക്കി യിട്ട് “അവൻ വലിയ ആലിമായിത്തീരും” എന്ന് പറഞ്ഞത് പ്രിയ പിതാവ് ഓർക്കുന്നുണ്ട്. ഇളം പ്രായത്തിൽ തന്നെ അറിവിനോടും ഗുരുനാഥരോടും അടങ്ങാത്ത ആഗ്രഹവും സ്നേഹവുമായിരുന്നു. പിതൃവ്യനായ കുഞ്ഞു ഉസ്താദി (അബൂബക്ർ ബാഖവി) ന്റെ വീട്ടിലേക്ക് ഇടക്കിടെ വരുകയും തഫ്സീർ ഗ്രന്ഥങ്ങൾ അർത്ഥം വെച്ച് തരാൻ ആവശ്യപ്പെടുകയും പ്രവാചക ചരിത്രങ്ങൾ വളരെ താൽപര്യത്തോടെ കേട്ടിരിക്കുകയും ചെയ്യുമായിരുന്നു.
മഹാനായ ഇബ്റാഹീം നബി(അ) ന്റെ നാമം ഓർമപ്പെടുത്തുന്ന പോലെ പരീക്ഷണങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു ജീവിത വഴികൾ. എല്ലാം ക്ഷമയും മനക്കരുത്തും കൊണ്ട് നേരിട്ടു. ചെറുപ്പത്തിൽ തന്നെയുണ്ടായ കാലിലെ അസുഖം കാരണം പുറത്തേക്ക് അറിയാതിരിക്കാൻ രണ്ട് മുണ്ട് ധരിച്ച് പഠിക്കാൻ പോയതും ഉമ്മാക്കും പെങ്ങൾക്കും ഒരുമിച്ച് അസുഖം വന്നപ്പോൾ വീട്ടിലെ പാചകക്കാരനും പരിചാരകനുമായ കദന കഥകൾ പ്രിയ മാതാവിന്റെ ഓർമ പുസ്തകത്തിൽ മായാതെ കിടപ്പുണ്ട്.
ഇല്ലായ്മയും പട്ടിണിയും നിറഞ്ഞ കാലമായിരുന്നു അത്. എന്നാലും ആരാധന വിഷയങ്ങളിൽ പ്രത്യേക താൽപര്യമായിരു ന്നു. നോമ്പുകാലത്ത് അത്താഴത്തിന് ഒന്നും കഴിക്കാനില്ലാത്തത് കൊണ്ട് തന്നെ വീട്ടുകാർ വിളിച്ചില്ല. പക്ഷേ രാത്രി തന്നെ നിയ്യത്ത് വെച്ച് കിടന്നു. തഹജ്ജുദ് നിസ്കരിക്കാൻ വുളൂ എടുത്ത് വരുമ്പോൾ വീടിനകത്ത് ഇടാൻ വേണ്ടി പാള കൊണ്ട് ചെരുപ്പുണ്ടാക്കി. തുടങ്ങി യജമാനനായ റബ്ബിന്റെ സാമീപ്യം നുകരാൻ ശ്രമിച്ചതിന്റെ ത്യാഗ സ്മരണകൾ ആ ഓർമ പുസ്തകത്തിന്റെ താളുകളിലുണ്ട്.
1986 ൽ എഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് പിതൃവ്യനായ കുഞ്ഞു ഉസ്താദ് വെല്ലൂർ ബാഖിയാതിൽ നിന്നും പഠനം പൂർത്തിയാക്കി വരുന്നത്. തുടർന്ന് പുളിക്കൽ വലിയ പറമ്പ് ജുമാ മസ്ജിദിൽ മൻഹജുൽ ഉലൂം എന്ന പേരിൽ ദർസ് ആരംഭിച്ചപ്പോൾ പ്രസ്തുത ദർസിൽ ചേർന്ന് അറിവ് തേടിയുള്ള യാത്രക്ക് തുടക്കം കുറിച്ചു. ചെറിയ കിതാബുകൾ മുതൽ ഓതി നാല് വർഷം അവിടെ മാതൃകാപരമായ രീതിയിൽ തന്നെ പഠനം നടത്തി. ഓരോ ദിവസവും ഓതിക്കൊടുക്കുന്ന പാഠഭാഗങ്ങൾ മുഴുവൻ പഠിച്ചതിന് ശേഷമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. സംശയങ്ങളും മറുപടികളുമായി രാത്രി വൈകിയും നീളുന്ന പഠനത്തിനിടയിൽ ഉറങ്ങിപ്പോവലായിരിക്കും അധികവും. എന്നാലും സുബ്ഹിക്ക് മുമ്പ് നേരെത്തെ എണീറ്റ് ആരാധനകളിൽ മുഴുകിയിട്ടുണ്ടാവും.
പിന്നീട് ബഹുമാനപ്പെട്ട കാരക്കുന്ന് മമ്മദ് മുസ്‌ലിയാർ കൂട്ടായി മഖ്ദൂമിയ്യ അറബിക് കോളേജിൽ മുദരിസായി സ്ഥാനമേറ്റപ്പോൾ ശിഷ്യനായ കുഞ്ഞു ഉസ്താദിനെ അങ്ങോട്ട് ക്ഷണിച്ചു. വലിയ പറമ്പിൽ നിന്നും ദർസ് കൂട്ടായിലേക്ക് മാറേണ്ടി വന്നപ്പോൾ ഉസ്താദിന്റെ കൂടെ അങ്ങോട്ട് മാറുകയും അവിടെ വെച്ച് കാരക്കുന്ന് ഉസ്താദ് അടക്കമുള്ള പ്രഗത്ഭരിൽ നിന്നും രണ്ട് വർഷക്കാലം പഠിക്കുകയും ചെയ്തു.
തുടർന്ന് കാരക്കുന്ന് ഉസ്താദിന്റെ ശിഷ്യനായ പയ്യനാട് കെ.വി അബ്ദുല്ല മുസ്‌ലിയാരുടെ അടുത്ത് ചെറുപുത്തൂരിലും തലശ്ശേരിയിലുമായി ഒരു വർഷം പഠനം നടത്തി. ശേഷം ഉസ്താദുൽ അസാതീദ് ഒ.കെ ഉസ്താദിന്റെ മകനും പ്രഗത്ഭ മുദരിസുമായ ഒ.കെ അബ്ദുറശീദ് ഉസ്താദിന്റെ കന്മനത്തെ ദർസിൽ ചേർന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ കൂടെയുള്ളവരെല്ലാം കോളേജിലേക്ക് പോയെങ്കിലും റശീദുസ്താദിന്റെ സബ്ഖുകൾ ഉസ്താദിനെ വല്ലാതെ ആകർഷിച്ചിരുന്നു. ആ അറിവിൻ സാഗരത്തിൽ നിന്നും കൂടുതൽ നുകരാനും ഇടക്ക് നഷ്ടപ്പെട്ടതും പൂർത്തിയാക്കാത്തതുമായ കിതാബുകൾ പഠിക്കാനും ഒരു വർഷം കൂടി അവിടെ തന്നെ നിൽക്കുകയും ഈ രണ്ട് വർഷത്തിനിടയിൽ പ്രധാന കിതാബുകളെല്ലാം ഉസ്താദിൽ നിന്ന് ഓതുകയും ചെയ്തു.
കന്മനം ദർസിലെ ഇബ്റാഹീമുസ്താദിനെ അന്നത്തെ സഹപാഠികൾ ഓർക്കുന്നുണ്ട്. ദർസിലെ മാതൃകാ മുതഅല്ലിമായിരുന്നു. പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അത് ജീവിതത്തിൽ പകർത്താനും പ്രത്യേക താൽപര്യവും ഉത്സാഹവും കാണിച്ചു. ആരാധനകളിലും ആത്മീയതയിലും അവർക്കെല്ലാം മാതൃകയായി, മറ്റെല്ലാ ഉസ്താദുമാരെപ്പോലെ വന്ദ്യരായ റശീദുസ്താദിന്റെയും പൊരുത്തം സമ്പാദിച്ച് ഇഷ്ട ശിഷ്യന്മാരിലൊരാളായി മാറി.
പിന്നീട് ഒതുക്കുങ്ങൽ ജാമിഅ ഇഹ്‌യാഉസ്സുന്ന അറബിക് കോളേജിൽ മുത്വവൽ പഠനത്തിന് അവസരം ലഭിച്ചു. അന്നത്തെ സെലക്ഷൻ പരീക്ഷ റഈസുൽ ഉലമ വലിയുസ്താദിന്റെ അടുത്തായിരുന്നു. ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രബലമായ ഗ്രന്ഥം ഏതാണ് എന്നായിരുന്നു ഒരു ചോദ്യം, സ്വഹീഹുൽ ബുഖാരി യാണെന്ന് മറുപടി പറഞ്ഞു. അപ്പോൾ ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ ഏറ്റവും പ്രബലമായത് ഇമാം മാലിക്(റ) വിന്റെ മുവത്വയാണെന്ന് എന്ന മറുചോദ്യം ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു: “അത് ബുഖാരി രചിക്കുന്നതിന്റെ മുമ്പായിരിക്കും”. ഇത് കേട്ടതും റഈസുൽ ഉലമ പറഞ്ഞു: “ഇജ് ആളൊരു കണ്ടുപിടുത്തക്കാരനാ ണല്ലോ.., പൊയ്ക്കൊട്ന്ന്....
സെലക്ഷൻ പരീക്ഷ കഴിഞ്ഞെങ്കിലും വലിയുസ്താദ് പറഞ്ഞതിന്റെ ഉദ്ദേശം മനസിലാവാത്തത് കൊണ്ട് വലിയ വിഷമമായി. പോവാൻ പറഞ്ഞത് ഉത്തരം ഉസ്താദിന് തൃപ്തികരമാവാത്തത് കൊണ്ട് സെലക്ഷൻ ഇല്ല എന്നർത്ഥത്തിലാണോ അതോ സെലക്ഷൻ കഴിഞ്ഞ് പോകാൻ പറഞ്ഞതാണോ..? മനസിനെ വല്ലാതെ അലട്ടി. നേരെ റശീദുസ്താദിന്റെ അടുത്തേക്ക് ചെന്നു. കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾ റശീദുസ്താദ് പറഞ്ഞു: “അത് തന്നെയാണ് അതിന്റെ ഉത്തരം”. ഇത് കേട്ടപ്പോഴാണ് സമാധാനമായത്. പിന്നീട് സെലക്ഷൻ പരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ (അന്ന് സെലക്ഷൻ പരീക്ഷക്ക് റിസൽട്ട് വരാറുണ്ടായിരുന്നു) ഒന്നാം റാങ്ക് ഉസ്താദി നായിരുന്നു.
ഉസ്താദുൽ അസാതീദ് ഒ.കെ ഉസ്താദും റഈസുൽ ഉലമ സുലൈമാൻ ഉസ്താദും വൈലത്തൂർ ബാവ മുസ്‌ലിയാരും അടക്കമുള്ള പ്രഗത്ഭരായ പണ്ഡിത ശ്രേഷ്ഠരായിരുന്നു അന്ന് ഒതുക്കുങ്ങൽ കോളേജിൽ. അവരോടെല്ലാം നിരന്തരം ബന്ധപ്പെട്ടും സംശയങ്ങൾ ചോദിച്ചും അവരുടെ സാമീപ്യം കരസ്ഥമാക്കി. വിദ്യാർത്ഥികൾ പലരും വ്യാഴാഴ്ചയായാൽ നാട്ടിൽ പോകുമെങ്കിലും ഉസ്താദ് ആഴ്ചകൾ പിന്നിട്ട ശേഷമേ പോകാറുണ്ടായിരുന്നുള്ളൂ. പോകുമ്പോൾ തന്നെ റഈസുൽ ഉലമ ഉസ്താദിനോട് ചോദിക്കും. അതെല്ലാം കൊണ്ടു തന്നെ 'ന്റെ കുട്ടി' എന്ന ഇഷ്ടത്തിന്റെ വാക്കായിരുന്നു റഈസുൽ ഉലമ ഉസ്താദ് പ്രയോഗിക്കാറുണ്ടായിരുന്നത്. കാവനൂർ എന്ന സ്ഥലപ്പേരിലായിരുന്നു കോളേജിൽ ഉസ്താദ് അറിയപ്പെട്ടിരുന്നത്. ആ മഹാന്മാരുടെയെല്ലാം ഗുരുത്വവും പൊരുത്തവും സ്നേഹവും ഇഷ്ടവുമായിരുന്നു ഉസ്താദിന്റെ വിജയത്തിന്റെ കാതൽ. രണ്ട് വർഷത്തെ പഠന ശേഷം ഉയർന്ന റാങ്കോട് കൂടെ അഹ്സനി ബിരുദം കരസ്ഥമാക്കി കോളേജിൽ നിന്നും പുറത്തിറങ്ങി.
പിന്നീട് 25 വർഷക്കാലം തദ്‌രീസിലും തർബിയത്തിലുമായി തന്റെ ജീവിതം ചിലവഴിച്ചു. ആദ്യം മൂന്ന് വർഷം കുറ്റിപ്പാലയിലും എട്ടു വർഷം കച്ചേരിപ്പടിയിലും നാലു വർഷം ഊരകം പുത്തൻ പീടികയിലും അവസാനം നീണ്ട ഒൻപത് വർഷം ചമ്രവട്ടം മദാറുസ്സഖാഫത്തിസ്സുന്നിയ യിലുമായിരുന്നു ആ മഹത്തായ സേവനം. അതിലൂടെ അറിവും തിരിച്ചറിവും നൽകി മൂല്യ ബോധമുള്ള ഒരു വലിയ ശിഷ്യ സമൂഹത്തെ വാർത്തെടുത്തു. ജോലി ചെയ്ത സ്ഥലങ്ങളിലധികവും നാട്ടു ദർസ് കൂടിയുണ്ടായതിനാൽ സാധാരണക്കാരായ ചെറുപ്പക്കാരെ കൂടെ നിർത്താനും സംസ്കരിച്ചെടുക്കാനും പലരെയും ഇൽമിന്റെ വഴിയിലേക്ക് കൊണ്ട് വരാനുമായിട്ടുണ്ട്. അവരെല്ലാം എല്ലാ കാര്യങ്ങൾക്കും ബന്ധപ്പെടു കയും ആശ്രയിക്കുകയും ചെയ്യാറുള്ളത് ഉസ്താദിനെയായിരുന്നു. അവരുമായുള്ള ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ഉസ്താദും ശ്രദ്ദാലുവായിരുന്നു. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ആത്മാർത്ഥമായ സേവനമായിരുന്നു വെന്ന് നാട്ടുകാരെല്ലാം ഓർക്കുന്നുണ്ട്.
09-02-1998 അഥവാ ഹിജ്റ 1418 ശവ്വാൽ 12 നായിരുന്നു കുറ്റിപ്പാലയിലെ ചെനപ്പുറം ബദ്‌രിയ്യ മസ്ജിദിൽ ദർസ് ആരംഭിച്ചത്. സയ്യിദ് യൂസുഫുൽ ജീലാനി തങ്ങൾ വൈലത്തൂർ തഫ്സീർ ഓതിക്കൊടുത്ത് കൊണ്ടായിരുന്നു തുടക്കമെന്നും അന്ന് പുറത്ത് നിന്നുള്ള അഞ്ച് കുട്ടികളായിരുന്നുവെന്നും ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തി വെച്ചത് കാണാം. അന്ന് നാട്ടിലുള്ളവരും അറിവിന്റെ മധു നുകരാൻ ഉസ്താദിന്റെ സവിധത്തിലെത്തിയിരുന്നു. അവർ തന്റെ എല്ലാമെല്ലാമായി കണ്ടിരുന്നത് ഉസ്താദിനെ തന്നെയായിരുന്നു.
വ്യാഴാഴ്ച നാട്ടിൽ പോയാൽ ശനിയാഴ്ച രാവിലെ തന്നെ പള്ളിയിലെത്തും, സബ്ഖ് തുടങ്ങും. മറ്റു ദിവസങ്ങൾ ലീവാക്കാനുണ്ടെങ്കിൽ നേരത്തെ തന്നെ അതിനു പകരം ലീവുള്ള ഒരു ദിവസം സേവനം ചെയ്തിട്ടുണ്ടാവും. അവിടെ നിന്നും മാറിയതിന് ശേഷവും പരിപാടികളിലേക്കെല്ലാം ഉസ്താദിനെ ക്ഷണിക്കുകയും എന്നാൽ കഴിയുന്നതും പങ്കെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് കുറ്റിപ്പാലയിലെ സ്നേഹജനങ്ങൾ ഓർക്കുന്നു.
അതിനിടയിലാണ് വിവാഹം നടക്കുന്നത്. 1999 ജൂലൈ 02, റബീഉൽ അവ്വൽ മാസം 19 ന് വെള്ളിയാഴ്ച അസറിനു ശേഷം തച്ചണ്ണ ഇബ്റാഹീം ഹാജിയുടെ മകൾ സഅദാബിയുമായുള്ള വിവാഹം തച്ചണ്ണ പള്ളിയിൽ വെച്ച് നടന്നു. ജീവിത യാത്രയിൽ കൂടെ കൂടിയ പ്രിയ സഹധർമിണിയോടൊപ്പമുള്ള 22 വർഷങ്ങൾക്കിടയിൽ നാല് കുസുമങ്ങൾ വിരിഞ്ഞു. മുഹമ്മദ് അബൂബക്ർ റാസി, മുഹമ്മദ് മിദ്ലാജ്, ഫാത്വിമ റബീഅ, ഹിബ ഫാത്തിമ എന്നിവരാണവർ. സന്തോഷങ്ങളിലും സന്താപങ്ങളിലും കൂടെ നിന്ന് ഇരുവരും ജീവിത യാത്ര തുടർന്നു.
06-01-2001 നാണ് വേങ്ങരക്കടുത്ത് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ ദർസ് ആരംഭിക്കുന്നത്. അന്ന് തന്റെ മാതാപിതാക്കളുടെ ചാരത്ത് വെച്ച് മുതഅല്ലിമീങ്ങളെയും കൂട്ടി ദുആ ചെയ്ത് വീട്ടിൽ നിന്നും പുറപ്പെടുകയും ശേഷം കമ്മിറ്റിക്കാരെയും കൂട്ടി ഉസ്താദുൽ അസാതീദ് ഒ.കെ ഉസ്താദിന്റെ അടുത്ത് പോവുകയും ദുആ ചെയ്യിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു തുമരുത്തി പള്ളിയിലെത്തിയതെന്ന് ശിഷ്യന്മാർ സ്മരിക്കുന്നുണ്ട്. മാതാപിതാക്കളോടും ഉസ്താദുമാരോടും വലിയ ആദരവും ബഹുമാനവും കാണിക്കുന്നതിലും അവരുടെ പൊരുത്തം സമ്പാദിക്കുന്നതിലും ഉസ്താദ് എന്നും ഒരു പടി മുന്നിലായിരുന്നു.
വെള്ളിയാഴ്ച ദിവസങ്ങളിൽ സ്വന്തമായുണ്ടാക്കുന്ന ഖുത്വുബയും നിസ്കാര ശേഷം അതിനെ ആസ്പദമാക്കിയുള്ള ആർക്കും ഉൾക്കൊള്ളാനാവുന്ന പ്രസംഗവും അവിടുത്തെ നാട്ടുകാർ ഇന്നും ഓർക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലും പാർട്ടികളിലും പ്രവർത്തിക്കുന്നവരാണെങ്കിലും എല്ലാവരെയും ഒരു പോലെ കണ്ടു. അവരെല്ലാം കൂടെ നിൽക്കുകയും ചെയ്തു. ബിദ്അത്തുകാരുടെ കടന്നു കയറ്റത്തി നെതിരെ ശക്തമായി നിലകൊണ്ടു. ആശയങ്ങൾ കൊണ്ട് നേരിട്ടു. നീണ്ട എട്ടു വർഷങ്ങൾ അവിടെ മാതൃകാപരമായ ദർസ് നടത്തി.
അതിനിടയിലാണ് കാവനൂർ തഖ്‌വാബാദിൽ പുതിയ വീട് നിർമിക്കുന്നതും ചേലപ്പുറത്തെ തറവാട് വീട്ടിൽ നിന്നും അങ്ങോട്ട് മാറുന്നതും. വീട്ടു കൂടലിന് റഈസുൽ ഉലമ ഉസ്താദിനെ ക്ഷണിക്കാൻ പോയതും “മക്കളുടെ കുടിയിരിക്കലിന് വാപ്പ വരാതിരിക്കാൻ പറ്റൂല” എന്ന് പറഞ്ഞപ്പോൾ ഉസ്താദവർകൾ പിന്നീടൊരിക്കൽ വരാമെന്നേൽക്കുകയും പിന്നീട് വരുകയും ചെയ്തതെല്ലാം സബ്ഖുകൾക്കിടയിൽ ഉസ്താദ് അവതരിപ്പിക്കാറുണ്ട്.
പിന്നീട് ഊരകം പുത്തൻ പീടികയിലേക്ക് ദർസ് മാറി. 2008 ലായിരുന്നു അത്. നാല് വർഷം അവിടെ സേവനം ചെയ്തു. ഇന്നും ആ നാട്ടുകാർ പങ്കു വെക്കുന്നത് ആ സുവർണ കാലഘട്ടത്ത കുറിച്ചാണ്. ഇത്ര സുന്ദരമായ അച്ചടക്കമുള്ള വേറൊരു ദർസ് അനുഭവിക്കാനായിട്ടില്ലെന്ന് അവർ ഓർത്തെടുക്കുന്നു. എവിടേക്ക് ദർസ് മാറുമ്പോഴും അവിടുത്തെ സാമ്പത്തിക നേട്ടങ്ങൾ നോക്കാറുണ്ടായിരുന്നില്ല. സൗകര്യപൂർവ്വം ദർസ് നടത്താനും മുത അല്ലിമീങ്ങൾക്ക് വെള്ള വസ്ത്രം ധരിച്ച് സ്കൂളിലേക്ക് പോവാൻ പറ്റുകയും ചെയ്യുമോ എന്നൊക്കെയായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്.
2012 ലാണ് ചമ്രവട്ടം മദാറുസ്സഖാഫത്തി സ്സുന്നിയ്യയിലേക്ക് ദർസ് മാറുന്നത്. സ്ഥാപനത്തിലെ പള്ളിയിലായിരുന്നു ആദ്യം ദർസ്. പിന്നീട് സ്ഥാപനം ഒഴിഞ്ഞപ്പോൾ സൗകര്യാർത്ഥം അങ്ങോട്ട് മാറി. മുമ്പൊരിക്കൽ കച്ചേരിപ്പടിയിലെ ഒരു പ്രമുഖനായ സയ്യിദ് തന്റെ ദർസ് കോളേജാവും എന്ന് പറഞ്ഞതിന്റെ പുലരിയായിരിക്കുമിതെന്ന് ഉസ്താദ് പറയാറുണ്ട്. ധാരാളം കുട്ടികൾ ആ അറി വിന്റെ വെളിച്ചം പറ്റാൻ അവിടെയെത്തി. നീണ്ട ഒൻപത് വർഷം അവസാനം വരെയും അവിടെ മാതൃകാ മുദരിസും എല്ലാവർക്കും അത്താണിയും സാന്ത്വനവും ഉപദേശകനുമായി സേവനം ചെയ്തു. ഉസ്താദ് എത്തിയ ശേഷമാണ് ഇത്രയും വലുതും എന്നാൽ മാതൃകാപരവുമായ ദർസ് നടന്നതെന്ന് നാട്ടുകാരും ഭാരവാഹികളും സ്മരിക്കുന്നു.
ഇതിനിടയിലും സംഘടന രംഗത്ത് തനിക്കാവുന്നതൊക്കെ ചെയ്തു. ആദർശ പ്രസ്ഥാനത്തെ അങ്ങേയറ്റം സ്നേഹിച്ചു. റഈ സുൽ ഉലമ ഉസ്താദിനും, ഖമറുൽ ഉലമ ഉസ്താദിനും പിന്നിൽ അടിയുറച്ചു നിന്നു. കാവനൂരിലും പരിസര പ്രദേശങ്ങളിലും സുന്നീ സംഘടനയുടെയും സ്ഥാപനങ്ങളുടെയും വളർച്ചകളിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. കാവനൂർ ടൗൺ സുന്നി ജുമാ മസ്ജിദ്, നജാത്ത് ഇസ്ലാമിക് കോംപ്ലക്സ്, കാവനൂർ സുന്നി സെന്റർ തുടങ്ങിയവ കെട്ടിപ്പടുക്കുന്നതിലും മുൻനിരയിലുണ്ടായിരുന്നു.
എസ്.എസ്.എഫിലൂടെയാണ് വളർന്ന് വന്നത്. അന്ന് കാവനൂർ പഞ്ചായത്ത് വിഭജിച്ചിട്ടില്ലായിരുന്നു. അന്നത്തെ പദയാത്രകളിൽ സജീവമായി എല്ലാവർക്കും ആവേശം നൽകിക്കൊണ്ട് മുന്നിലുണ്ടായിരുന്ന ഓർമകളൊക്കെ സഹപ്രവർത്തകർ ഓർക്കുന്നുണ്ട്. പിന്നീട് എസ്.വൈ.എസിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതൃപദവികൾ അലങ്കരിച്ചു. നാട്ടിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്കെല്ലാം ഒരേ സമയം പ്രവർത്തകനും മാർഗദർശി യുമായിരുന്നു. എപ്പോഴും പ്രവർത്തകരോട് ചേർന്ന് നിന്ന് ആദ്യാവസാനം കാര്യങ്ങളന്വേഷിച്ച് പരിഹാരങ്ങൾ നിർദ്ദേശിച്ചു കൊടുക്കുന്ന ശൈലിയായിരുന്നു ഉസ്താദിന്റേത്. വഫാത്ത് സമയം കേരള മുസ്ലിം ജമാഅത്ത് കാവനൂർ സർക്കിൾ നേതാവും അതോടൊപ്പം തന്നെ സമസ്ത മഞ്ചേരി മേഖല മുശാവറ മെമ്പറും ഇഹ്‌യാഉസ്സുന്ന കേന്ദ്ര കമ്മിറ്റിയിലെ അംഗവുമായിരുന്നു.
ഈമാനിന്റെ ശോഭ നിറഞ്ഞ മന്ദസ്മിതം തൂകി നിൽക്കുന്ന വദനത്തെയാണ് ഉസ്താദിനെ ഓർക്കുന്നവക്കെല്ലാം ആദ്യം ഓർമ വരുക. തന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കൽ ധർമമാണ് ന്നാണല്ലോ തിരുവചനം. മനസകങ്ങളിൽ നീറുന്ന ചിന്തകളുണ്ട ങ്കിലും പുഞ്ചിരി നൽകാൻ അതൊരു തടസ്സമായിരുന്നില്ല.
മടക്ക യാത്ര
09 ഒക്ടോബർ 2021 (02 റബീഉൽ അവ്വൽ 1443). അന്നൊരു ശനിയാഴ്ചയായിരുന്നു. സമയം 06.15 pm. അസ്തമാന സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നു. തഖ്‌വാബാദിലെ ത്വയ്ബ മൻസിലിൽ ഉസ്താദിന് ചുറ്റും ഉമ്മയും ഉപ്പയും സഹോദരങ്ങളുമെല്ലാമുണ്ട്. അസുഖം കുറച്ച് അധികമായ ദിവസമായിരുന്നു അത്. യാതൃശ്ചികമായി അവരെല്ലാം എത്തിച്ചേർ ന്നിരിക്കുന്നു. പ്രിയ സഹോദരിയുടെ മടിയിലേക്ക് ഉസ്താദ് ചാരിക്കിടക്കുകയാണ്. മകൻ റാസിയും കൂടെയുള്ളവരും ഖസീദതുൽ ബുർദയുടെ വരികൾ ചൊല്ലുന്നുണ്ട്. ഒരു ഖത്മ് തീർന്നിരിക്കുന്നു. വീണ്ടും ബുർദ്ദ തുടരാനാവശ്യപ്പെട്ടു. പരലോകം പുൽകാനായതിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. ആത്മാവിന്റെ ലോകത്തെ ചില സന്തോഷ വർത്തമാനങ്ങളൊക്കെ പറഞ്ഞു. കലിമ ചൊല്ലാൻ ഓർമപ്പെടുത്തിയപ്പോൾ ചൊല്ലുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട് ശാന്തനായി ഈ ലോകത്തോട് വിട പറഞ്ഞു. ആ തണൽ മാഞ്ഞു...
വിവരം അറിഞ്ഞതും നാനാഭാഗത്തു നിന്നും വലിയ ജനാവലി തന്നെ തടിച്ചു കൂടി. കൊറോണയുടെ തരംഗം ഏകദേശം അവസാനിച്ചിരുന്നു. പ്രശോഭിതമായി പുഞ്ചിരിച്ചു കിടക്കുന്ന പൂമുഖം കണ്ട് പലരും വിതുമ്പി. പലരും സ്നേഹഭാജനത്തിന് മുത്തങ്ങൾ നൽകി. അവിടുത്തെ ശിഷ്യഗണങ്ങൾ യാസീൻ പാരായണം തുടർന്ന് കൊണ്ടേയിരുന്നു. പ്രാർത്ഥനക്ക് നേതാക്കൾ ഓരോരുത്തരായി നേതൃത്വം നൽകി. ഹൃദയം പൊട്ടിയ പ്രാർത്ഥനകൾ അവർ തന്റെ പ്രിയ സ്നേഹിതന് സമ്മാനിച്ചു. പുലർച്ച സമയത്ത് കുളിപ്പിക്കുകയും കഫൻ ചെയ്ത് തലപ്പാവും ധരിപ്പിച്ചു കൊടുത്തു. ശൈഖുനാ കാന്തപുരം ഉസ്താദിൽ നിന്നും ബറകത്തിന് വേണ്ടി വാങ്ങിയ തൊപ്പി വെച്ചാണ് തലപ്പാവ് ധരിപ്പിച്ചു കൊടുത്തത്.
അടുത്ത ദിവസം ഞായറാഴ്ച രാവിലെ റഈസുൽ ഉലമ സുലൈമാനുസ്താദും ഇഹ്‌യാഉസ്സുന്നയിലെ ഉസ്താദുമാരും എത്തി ആദ്യ നിസ്കാരം നടത്തി. പിന്നീട് വൻ ജനാവലിയെ സാക്ഷിയാക്കി തഖ്‌വാബാദ് മഹല്ല് പള്ളിയിൽ 09.00 മണിക്ക് നടന്ന നിസ്കാരത്തിന് സയ്യിദ് അഹ്ദൽ തങ്ങൾ മുത്തനൂർ നേതൃത്വം നൽകി. ശേഷം മഹല്ല് ഖബറിസ്ഥാനിലേക്ക് നീങ്ങി. തന്റെ ശിഷ്യഗണങ്ങളും ഇഷ്ട ജനങ്ങളും ആ വേർപാടിനെ ഉൾക്കൊള്ളാവാനാകാതെ വിതുമ്പുന്ന മനസ്സുമായി പ്രാർത്ഥനാ വചസ്സുകളുമായി മൂന്ന് പിടി മണ്ണ് വാരിയിട്ട് ശൈഖുനാ ഉസ്താദിനെ യാത്രയാക്കി. ഇനിയൊരിക്കലും മടങ്ങി വരാത്ത ലോകത്തേക്കുള്ള യാത്ര.. അല്ലാഹു ബർസഖീ ജീവിതം സന്തോഷത്തിലാക്കട്ടെ, ആമീൻ.
നേരത്തെ തന്നെ രോഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. വെങ്കിലും രോഗത്തെ തിരിച്ചറിയാനായിരുന്നില്ല. നല്ല ക്ഷീണവും ഭക്ഷണത്തിനോട് താൽപര്യക്കുറവും കൂടെ കൂടെ ശരീരം മെലിഞ്ഞു വരാനും തുടങ്ങി. പിന്നീട് ശരീരത്തിലെ കെണിപ്പുകളിലും പലയിടങ്ങളിലും വേദനകളായി. ചികിത്സകൾ ഒരുപാട് നടത്തി നോക്കി. ഫലം കുറവായിരുന്നു. പിന്നീട് ചെക്ക് ചെയ്തപ്പോഴാണ് ബ്ലഡിന്റെ അളവിൽ നല്ല കുറവ് കാണാനിടയായത്. മഞ്ചേരി ഹോസ്പിറ്റലിലെത്തി ബ്ലഡ് കയറ്റിയെങ്കിലും ബ്ലഡിൻ്റെ അളവ് കൂടുന്നുണ്ടായിരുന്നില്ല. ഡോക്ടർമാരുടെ സംശയത്തെ തുടർന്ന് ബോൺമാരോ അടക്കമുള്ള കാര്യമായ ചെക്കപ്പുകൾ നടത്തിയപ്പോഴാണ് രക്താർബുദത്തിന്റെ അംശങ്ങളുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. അങ്ങനെ അവിടെ നിന്നും മുക്കം എം.വി.ആറിലേക്ക് റഫർ ചെയ്തു.
പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം കൊണ്ട് ഒരു വർഷം നീണ്ട ചികിത്സക്ക് ശേഷം അസുഖം സുഖമായി വന്നിരുന്നു. ബലി പെരുന്നാളിനോട് അനുബന്ധിച്ച് പൂർണ്ണമായും സുഖപ്പെട്ട അവസ്ഥയിലായിരുന്നു. ദർസിലേക്ക് വരുകയും പരിപാടി കളിൽ പങ്കെടുക്കുകയും പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തു. പക്ഷേ നാഥന്റെ ഖളാഅ് മറിച്ചായിരുന്നു. വീണ്ടും ഒരു പനി വരുകയും അസുഖലക്ഷണങ്ങൾ വീണ്ടും കണ്ടു തുടങ്ങുകയും ചെയ്തു. ഒരു പ്രാവശ്യം കീമോ തെറാപ്പി ചെയ്ത ശരീരം നോർമലായി വരുന്നതിന് മുന്നേ വീണ്ടും കീമോ ചെയ്യാൻ സാധിക്കില്ലായിരുന്നു. ഡോക്ടർ മാർ പോലും അസുഖം എങ്ങനെ മടങ്ങി വന്നു എന്നറിയാതെ കൈ മലർത്തി.. പിന്നെ അവർക്ക് മറ്റു ചികിത്സാ മാർഗങ്ങളുണ്ടായിരുന്നില്ല. പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങിയെങ്കിലും നിരാശരാവാതെ കുടുംബവും ശിഷ്യരും മറ്റു പല ചികിത്സകളും നടത്തി നോക്കി. മാറ്റങ്ങളൊന്നുമുണ്ടായില്ല.
ഒരാളുടെ ജീവിതം എങ്ങനെയാണോ അങ്ങനെയായിരിക്കും മരണം എന്നാണല്ലോ തിരുനബി വചനം. ഉസ്താദ് എപ്പോഴും പ്രാർത്ഥിക്കുന്നത് പോലെ തന്നെ തന്റെ കുടുംബത്തിലെ എല്ലാവരുടെ സാന്നിദ്യത്തിൽ വെച്ച് ഹബീബ്(സ്വ) യുടെ മദ്ഹ് പാടുന്ന സദസ്സിൽ വെച്ച് ബുർദ വരികൾ കേട്ടുകൊണ്ട് കലിമ ചൊല്ലി ഹബീബിന്റെ മാസത്തിലാണ് അവിടുന്ന് ഈ ലോകത്തോട് വിട പറഞ്ഞത്. സ്വലാത്തുകൾ അധികരിപ്പിച്ചും സുന്നത്തുകൾ പരമാവധി ചെയ്തും ഹബീബോരുടെ മദ്ഹിലും ഇഖിലും അലിഞ്ഞു കൊണ്ടായിരുന്നല്ലോ ഉസ്താദിന്റെ ജീവിതം.
നിറഞ്ഞ പുഞ്ചിരിയും നർമം കലർന്ന ഇടപെടലുകളും കറകളഞ്ഞ നിഷ്കളങ്കതയും ഒത്തുചേർന്ന മഹത്തായ ജീവിതമായിരുന്നു ഉസ്താദിന്റേത്. ഈ ചുരുങ്ങിയ കാലയളവിൽ ശിഷ്യൻമാരും അല്ലാത്തവരുമായി ആയിരക്കണക്കിന് മുഹിബ്ബീങ്ങളെ വാർത്തെടുക്കാൻ ഉസ്താദിന് സാധിച്ചു. നാഥൻ ചെയ്ത സൽകർമ്മങ്ങളെ ല്ലാം സ്വീകരിക്കുകയും പരലോകത്ത് ഉന്നത പദവികൾ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീൻ.
(ഉസ്താദിൻ്റെ സ്മരണിക തണൽ ജീവിതത്തിൽ നിന്നും പകർത്തിയത്)

